08:55am 24 August 2026
NEWS
ബിജെപി നേതാക്കൾ പ്രാധാന്യം നൽകുന്നത് പണം സമ്പാദിക്കാനെന്ന് മുൻ സംസ്ഥാന ഉപാധ്യക്ഷൻ; ടിവികെ കേരള അധ്യക്ഷനാകാൻ നടൻ ദേവൻ
24/08/2026  07:55 AM IST
nila
ബിജെപി നേതാക്കൾ പ്രാധാന്യം നൽകുന്നത് പണം സമ്പാദിക്കാനെന്ന് മുൻ സംസ്ഥാന ഉപാധ്യക്ഷൻ; ടിവികെ കേരള അധ്യക്ഷനാകാൻ നടൻ ദേവൻ

കൊച്ചി: ബിജെപി വിട്ടതിന് പിന്നാലെ തമിഴക വെട്രി കഴകത്തിലേക്ക് (ടിവികെ) ചുവടുമാറ്റാനൊരുങ്ങി നടൻ ദേവൻ. കേരളത്തിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തതായി ദേവൻ വെളിപ്പെടുത്തി. ടിവികെ നേതാവ് വിജയുമായി സെപ്റ്റംബർ 10ന് കൂടിക്കാഴ്ച നടത്താൻ സമയം ലഭിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം അതിന് ശേഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി ടിവികെയ്‌ക്കൊപ്പമായിരിക്കും തന്റെ രാഷ്ട്രീയ യാത്രയെന്നും കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും ദേവൻ പറഞ്ഞു. ബിജെപിയിൽ പ്രതീക്ഷിച്ച സ്ഥാനമോ പരിഗണനയോ ലഭിച്ചില്ലെന്നും തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായാണ് പാർട്ടി പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതിനേക്കാൾ പണം സമ്പാദിക്കുന്നതിനാണ് ബിജെപി നേതാക്കൾ പ്രാധാന്യം നൽകുന്നതെന്നും ദേവൻ വിമർശിച്ചു. വിജയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേരള രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങളുണ്ടാകുമെന്നും അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു.

കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയാണ് ദേവൻ ബിജെപി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയത്തിന്റെ അടിത്തറയെന്നും അത് നടപ്പാക്കാൻ ബിജെപിയിൽ തുടരുമ്പോൾ സാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടർന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img